ഇന്ത്യയുടെ ഏറ്റവും വലിയ സ്വർണ്ണ മെഡൽ പ്രതീക്ഷയായിരുന്നു നീരജ് ചോപ്ര. ടോക്കിയോ ഒളിമ്പികിസ്ലെ നേട്ടം ആവർത്തിക്കുമെന്ന് എല്ലാവരും കരുതിയതാണ്. പക്ഷെ, പാകിസ്ഥാന്റെ ആദ്യ ഒളിമ്പിക് അത്ലറ്റിക് സ്വർണ്ണ നേട്ടവുമായി അർഷദ് നദീം ജാവലിൻ നീട്ടിയെറിഞ്ഞപ്പോൾ നീരജ് രണ്ടാമതായി. നീരജിന്റെ വെള്ളിക്കും സ്വർണ്ണത്തിളക്കമുണ്ടെന്ന് നമ്മൾ അപ്പോഴും കരുതി. എന്നാൽ നദീമിന്റെ രാജ്യവും മതവും ലക്ഷ്യമാക്കി മതഭ്രാന്തർ സാമൂഹ്യ മാധ്യമങ്ങളിൽ വംശീയ ആക്രമണം തുടങ്ങി. സ്പോർട്സ്മാൻ സ്പിരിറ്റിൽ നദീമിന്റെ നേട്ടത്തെ അഭിനന്ദിച്ചവരെയും അവർ വെറുതെ വിട്ടില്ല.
തീവ്രവാദ ചാപ്പകളും തെറിവിളികളുമായി അവർ കുത്തിമറിയുമ്പോൾ ഹരിയാനയിലെ നീരജിന്റെ വീട്ടിൽ നിന്ന് ഒരു അമ്മ മതതീവ്രവാദികളുടെ മുഴുവൻ അജണ്ടകൾക്കും മീതെ സ്നേഹത്തിന്റെ ജാവലെറിഞ്ഞിരിക്കുന്നു. “നീരജിന് വെള്ളി കിട്ടിയപ്പോൾ സ്വർണ്ണം കിട്ടിയത് പാക്കിസ്ഥാൻകാരനായ അർഷാദിനാണല്ലോ, എന്തുതോന്നുന്നു?” എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സരോജ് ദേവി കൊടുക്കുന്ന മറുപടി, “എനിക്ക് പൂർണ്ണ സന്തോഷമേയുള്ളൂ. അർഷാദും എന്റെ മകൻ തന്നെയാണ്. ജയവും തോൽവിയുമൊക്കെ മാറിമാറി വരുന്നതല്ലേ, നീരജിനെ പോലെ തന്നെയാണ് അർഷാദും എനിക്ക്.ഞാൻ രണ്ടുപേർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്” എന്നായിരുന്നു.
സമാനമായ ഒരു ചോദ്യം അങ്ങ് പാക്സിതാനിൽ സ്വർണ്ണം നേടിയ അർഷാദിന്റെ ഉമ്മ റസിയ പർവീണിനോട് മാധ്യമപ്രവർത്തകർ ചോദിക്കുന്നുണ്ട്. ഇവിടെ സരോജ് ദേവി പറഞ്ഞതൊന്നും അറിയാത്ത, റസിയ മാധ്യമങ്ങളോട് പറയുന്നത് നോക്കൂ: “അർഷാദിന്റെ സുഹൃത്തുമാത്രമല്ല, സഹോദരനും കൂടിയാണ് നീരജ്. സ്വർണ്ണവും വെള്ളിയുമൊക്കെ ഓരോരുത്തരുടെ കിസ്മത്തല്ലേ, നീരജ് മോനും അർഷാദ് മോനും ഇനിയും വലിയ നേട്ടങ്ങളുണ്ടാവും. ഞാൻ രണ്ടുപേർക്കും വേണ്ടി ദുആ ചെയ്യുന്നുണ്ട്.”
മതഭ്രാന്തിനാൽ ഇവിടെയും അവിടെയും രാഷ്ട്രീയക്കാരും തല്പരകക്ഷികളും ഉണ്ടാകുന്ന അതിർത്തികളെല്ലാം സരോജമ്മയുടെയും റസിയുമ്മയുടെയും വാക്കുകളിൽ അലിഞ്ഞില്ലാതാക്കുന്നുണ്ട്. മനുഷ്യന്റെ നിഷ്കളങ്കമായ ഈ സ്നേഹം, ഒരുപക്ഷെ അമ്മമാർക്ക് മാത്രം കണ്ടെത്താനാവുന്ന ഈ സ്നേഹത്തിന്റെ ഭാഷ നമുക്കെല്ലാവർക്കും സ്വന്തമാവട്ടെ. മതവും രാജ്യാതിർത്തികളും നോക്കി മനുഷ്യനെ വിഭജിക്കുന്ന രാഷ്ട്രീയം തുലഞ്ഞുപോകട്ടെ. ഹിന്ദുസ്ഥാന്റെയും പാക്കിസ്ഥാന്റെയും ദേശീയ പതാകകൾ ഉയർത്തിപ്പിടിച്ച് നീര്ജും അർഷാദും ഇനിയും ലോക കായിക വേദികളും തിളങ്ങട്ടെ.