തൃശൂർ ∙ വിരിഞ്ഞതു താമരയല്ല; ചെമ്പരത്തിപ്പൂവാണെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണു തൃശൂരിലെ എംപിയുടെ പ്രകടനമെന്നും ഒരു ചെമ്പരത്തിപ്പൂവിനും അധികം നാൾ ചെവിയിൽ വാഴാൻ പറ്റില്ലെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപന്റെ പരിഹാസം. ഹേമ കമ്മിറ്റി റിപ്പോർട്ട് കുറ്റക്കാരെന്നു കണ്ടെത്തിയവരെ സംരക്ഷിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും നിയമം അനുശാസിക്കുന്ന രീതിയിൽ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി ഡിസിസി തൃശൂർ കലക്ടറേറ്റ് പരിസരത്തു നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപൻ.
താമരയിൽ ജയിച്ച എംപി സിപിഎം എംഎൽഎയ്ക്കു വേണ്ടി വക്കാലത്തു പറഞ്ഞത് തൃശൂരിലെ ബിജെപി–സിപിഎം അന്തർധാരയുടെ ഭാഗമാണ്. സിപിഎം ഇതുമായി ബന്ധപ്പെട്ട നയം വ്യക്തമാക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കുക, മന്ത്രി ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, ഒ.അബ്ദുൽറഹ്മാൻകുട്ടി, ജോസഫ് ചാലിശേരി, ടി.വി.ചന്ദ്രമോഹൻ, ജോസ് വള്ളൂർ, എം.പി.വിൻസന്റ് എന്നിവർ പ്രസംഗിച്ചു.